ലോകത്തിലെ ഏറ്റവും സമ്പന്നനായ മലയാളിയായ ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസുഫലിയുടെ ഗള്‍ഫിലും കേരളത്തിലുമായുള്ള ഗാരേജില്‍ ലോകത്തിലെ എണ്ണം പറഞ്ഞ പല ഹൈ-എന്‍ഡ് കാറുകളുമുണ്ട്. ഇപ്പോള്‍ തങ്ങളുടെ വിപുലമായ വാഹന ശേഖരത്തിലേക്ക് പുത്തന്‍ മെര്‍സിഡീസ് ബെന്‍സ് V-
ക്ലാസ് (Mercedes-Benz V-Class) ചേര്‍ത്തിരിക്കുകയാണ് ലുലു ഗ്രൂപ്പ്. പുതിയ V-ക്ലാസിന്റെ കേരളത്തിലെ ആദ്യ ഉടമ ലുലു ഗ്രൂപ്പ് ആണെന്ന് മെര്‍സിഡീസ് ബെന്‍സിന്റെ സംസ്ഥാനത്തെ പ്രമുഖ ഡീലര്‍മാരായ ദി ബ്രിഡ്ജ്വേ മോട്ടാര്‍സ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ഈ വാഹനത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഔദ്യോഗിക ആവശ്യങ്ങള്‍ക്കും വിശിഷ്ട അതിഥികളുടെ യാത്രകള്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ സാധിക്കുന്ന രീതിയിലാണ് ഈ ലക്ഷ്വറി എംപിവി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിശാലമായ ഇന്റീരിയറും അത്യാധുനിക സൗകര്യങ്ങളുമാണ് വിപണിയിലെ മറ്റ് ലക്ഷ്വറി വാഹനങ്ങളില്‍ നിന്ന് വി-ക്ലാസിനെ വ്യത്യസ്തമാക്കുന്നത്.
