കൊളത്തൂർ വെങ്ങാട് കള്ളുഷാപ്പ് ഉടമയുടെ സ്വർണമാലയും മൊബൈൽ ഫോണും കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. അന്വേഷണത്തിനൊടുവിൽ ബാംഗ്ലൂരിൽനിന്നാണ് നാലംഗ സംഘത്തെ അറസ്റ്റ് ചെയ്തത്. വെങ്ങാട് മൂർക്കനാട് റോഡിലെ കള്ളുഷാപ്പിൽ നിന്നാണ് ഉടമയെ ആക്രമിച്ച് എട്ട് പവനോളം തൂക്കം വരുന്നസ്വർണമാല കവർന്നത്. തൃത്താല കൂടല്ലൂരിലെ കാടംകുളത്തിൽ മുഹമ്മദ് മുസ്തഫ(28), തൊടുപുഴ കുമാരമംഗലം കിടത്തിപ്പറമ്പിൽ അജ്മൽ(30), കൂടല്ലൂർ മന്തൻമാക്കയിൽജിഷ്ണു രാജഗോപാൽ(31), ആനക്കര മംഗലത്ത് പറമ്പിൽ ഫൈസൽ(43) എന്നിവരെയാണ് കൊളത്തൂർ എസ്എച്ച്ഒ എം.ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘംഅറസ്റ്റ് ചെയ്തത്. മുഹമ്മദ് മുസ്തഫയ്ക്ക് വിവിധ പൊലീസ് സ്റ്റേഷനുകളിലായി മോഷണം ഉൾപ്പെടെ പത്തോളം കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. അജ്മലിന്വധശ്രമവും മാല മോഷണവും ഉൾപ്പെടെ ഒൻപത് കേസുകളും ജിഷ്ണുവിന്റെ പേരിൽ രണ്ടു കേസുകളും ഫൈസലിന്റെ പേരിൽ ഒരു കളവു കേസും നിലവിലുണ്ടെന്ന്പൊലീസ് പറഞ്ഞു.പ്രതികൾ മോഷണത്തിനായി ഉപയോഗിച്ച കാറും പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞ 8 ന് ഉച്ചയ്ക്ക് 12.45 ഓടെ ആയിരുന്നു സംഭവം. സ്കൂട്ടറിലെത്തിയ രണ്ടംഗസംഘം ഷാപ്പിലിരുന്ന് ഭക്ഷണം കഴിച്ച ശേഷം പണം നൽകാതെ ഉടമയെ ആക്രമിച്ചും ജീവനക്കാരനെ അടുക്കളയിൽ പൂട്ടിയിട്ടും കവർച്ച നടത്തുകയായിരുന്നു. മൂർക്കനാട്ചോലക്കുഴിയിൽ ദാമോദരന്റെ കഴുത്തിൽ കിടന്ന സ്വർണമാലയാണ് കവർച്ച ചെയ്തത്. തടയാൻ ശ്രമിച്ച ദാമോദരനെ തള്ളിവീഴ്ത്തിയിരുന്നു. പിന്നീട് എറണാകുളം,മൂന്നാർ, തമിഴ്നാട് തുടങ്ങിയ സ്ഥലങ്ങളിലൂടെ കറങ്ങി ബാംഗ്ലൂരിലെത്തി ഒളിവിൽ കഴിയവെയാണ് പൊലീസ് സംഘം സാഹസികമായി ഇവരെ പിടികൂടിയത്.സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ തിരിച്ചറിഞ്ഞത്. പ്രതികൾ രാസലഹരികൾ ഉപയോഗിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു.എഎസ്ഐ ജോർജ്, സിപിഒമാരായ നജ്മുദ്ദീൻ, ദിനേശ്, നിസാർ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
