പാങ്ങ്: പാങ്ങ് ഗവൺമെന്റ് യു.പി. സ്കൂളിലെ പ്രീപ്രൈമറി പ്രവേശനോത്സവം ഇത്തവണ വികാരനിർഭരമായ അന്തരീക്ഷത്തിലാണ് നടന്നത്. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും പൂമ്പാറ്റയെപ്പോലെ ഓടിനടന്ന് നേതൃത്വം നൽകിയിരുന്ന അധ്യാപിക ശ്രീമതി ഷക്കീലമോൾ വി.എസ്. ഇല്ലാത്ത ആദ്യ പ്രവേശനോത്സവമായിരുന്നു ഇത്.ഒന്നാം ക്ലാസിലെ അധ്യാപികയായിരുന്നെങ്കിലും അടുത്ത അധ്യയന വർഷത്തിലേക്കുള്ള കുട്ടികളെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ ജനുവരി മാസത്തിൽ തന്നെ പ്രീപ്രൈമറി വിഭാഗത്തിലെത്തി ആരംഭിക്കുക ഷക്കീല ടീച്ചറുടെ പതിവായിരുന്നു. കഴിഞ്ഞ ജനുവരി മുതൽ പ്രീപ്രൈമറി കുട്ടികളോടൊപ്പം സജീവമായി പ്രവർത്തിച്ചിരുന്ന ടീച്ചറുടെ സ്നേഹവും കരുതലും കുട്ടികളുടെ മനസ്സിൽ ഇന്നും മായാതെ നിലനിൽക്കുന്നു. “ഷക്കീല ടീച്ചറുടെ ക്ലാസിൽ തന്നെ പഠിക്കണം” എന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്ന നിരവധി കുട്ടികൾ ഇത്തവണയും പ്രവേശനത്തിനായി എത്തിയിരുന്നു.അതുകൊണ്ടുതന്നെ ഈ വർഷത്തെ പ്രീപ്രൈമറി പ്രവേശനോത്സവം ഷക്കീല ടീച്ചറുടെ ഓർമകൾക്ക് സമർപ്പിച്ചാണ് ജൂൺ 3-ന് സംഘടിപ്പിച്ചത്. ഏപ്രിൽ 17-ന് നടന്ന വാൾപ്പാറ ദുരന്തത്തിൽ ജി.എൽ.പി.എസ്. പാങ്ങിലെ സഹപ്രവർത്തകരോടൊപ്പമുള്ള യാത്രയ്ക്കിടെയാണ് ഷക്കീല ടീച്ചർ മരണപ്പെട്ടത്. അധ്യാപക സമൂഹത്തെയും നാട്ടുകാരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തിയ ആ വേർപാട് ഇന്നും സ്കൂൾ കുടുംബത്തിന് തീരാവേദനയാണ്.ജൂൺ 1-ന് ജി.എൽ.പി.എസ്. പാങ്ങിൽ നടന്ന ബ്ലോക്ക് തല പ്രവേശനോത്സവത്തിന്റെ അധികചുമതല വഹിച്ചിരുന്നതിനാൽ ജി.യു.പി.എസ്. പാങ്ങിലെ പ്രീപ്രൈമറി പ്രവേശനോത്സവം മാറ്റിവെക്കുകയായിരുന്നു.പരിപാടി കുറുവ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുലൈഖ മോഴിക്കൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ശരത് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ കെ. അഹമ്മദ്കുട്ടി സ്വാഗതം ആശംസിച്ചു. സോഷ്യൽ ഇംപാക്ട് അവാർഡ് ജേതാവായ എ.എച്ച്. മാസ്റ്റർ രക്ഷിതാക്കൾക്കായി മോട്ടിവേഷൻ ക്ലാസ് നയിച്ചു.പ്രീപ്രൈമറിയിലെ മുഴുവൻ കുട്ടികൾക്കും പൊടിക്കളം ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ഉപഹാരം നൽകി. തോണിക്കല്ല് യാസ ആർട്സ് & സ്പോർട്സ് ക്ലബ്ബ് നിർദ്ധനരായ കുട്ടികൾക്കുള്ള നോട്ട്ബുക്കുകൾ കൈമാറി. എക്സിക്യൂട്ടീവ് അംഗം രാജേഷ് ബാബു, അധ്യാപകരായ കെ പി സജ്ന, കെ ബിന്ദു വി പ്രിയ, കെ ജസീന, യാസ ക്ലബ്ബ് ഭാരവാഹികളായ മുകേഷ് (പ്രസിഡന്റ് ), ശറഫുദ്ധീൻ (ട്രഷറർ), ഷിഫാൻ, ഫാസിൽ, സലീം, ഹംസ, സൈദലവി, ഹക്കീം, സൽമാൻ, പൊടിക്കളം ക്ലബ്ബ് ഭാരവാഹികളായ എൻ ജിതിൻ, കെ മോജിത്, എം റിംഷാദ്, കെ സഫ്വാൻ എന്നിവർ സംസാരിച്ചു.
