വെങ്ങാട്-പുറമണ്ണൂർ കൊടുമുടി റോഡ് പിഡബ്ലിയുഡിക്ക് വേണ്ടെന്ന്; ജനത്തിന് തീരാദുരിതം


കൊളത്തൂർ: വെങ്ങാട്-പുറമണ്ണൂർ-കൊടുമുടി റോഡ് ജില്ലാ പഞ്ചായത്തിനും വേണ്ട, പിഡബ്ലിയുഡിക്കും വേണ്ടെന്ന്. കാര്യക്ഷമമായ നവീകരണം
നടന്നിട്ട് പതിറ്റാണ്ട് പിന്നിട്ട പാടെ തകർന്ന റോഡിൽ ജനത്തിന് ദുരിതയാത്ര. റോഡിന്റെ ഉടമസ്ഥാവകാശമുള്ള ജില്ലാ പഞ്ചായത്ത്, റോഡ്
ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം ജൂലായ് മാസത്തിൽ പൊതുമരാമത്ത് വകുപ്പിന് കത്ത് നൽകിയതാണ്. വലിയ വാഹന
ഗതാഗതവും പൊതുജനപ്രാധാന്യവുമുള്ള റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് വികസന പ്രവൃത്തികൾ നടത്തുന്നത് നാടിന്റെ
മൊത്തത്തിലുള്ള വികസനത്തിന് അത്യന്താപേക്ഷിതമാണെന്ന് കാണിച്ചാണ് ജില്ലാ പഞ്ചായത്ത് സെക്രട്ടറി കത്ത് നൽകിയത്. നിലവിൽ ജില്ലാ
പഞ്ചായത്തിന്റെ അധീനതയിലുള്ള റോഡ് പിഡബ്ലിയുഡി ഏറ്റെടുക്കണമെന്ന ആവശ്യം ഉന്നയിക്കാൻ തുടങ്ങിയിട്ട് ഏറെ കാലമായി. കഴിഞ്ഞ
ദിവസവും ഇക്കാര്യം കാണിച്ച് മൂർക്കനാട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഹംസ മാസ്റ്റർ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ മഞ്ഞളാംകുഴി
അലി എംഎൽഎ, മന്ത്രി പി.കെ.ബഷീറിന് ഇതു സംബന്ധിച്ച് കത്ത് നൽകിയിരുന്നു. എന്നാൽ വർഷങ്ങളായുള്ള ആവശ്യത്തിന് നേരെ നിഷേധ
സമീപനമാണ് അധികൃതർ സ്വീകരിക്കുന്നത്.
മൂർക്കനാട്, ഇരിമ്പിളിയം പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്നതാണ് റോഡ്. 7 കിലോമീറ്ററോളം വരുന്ന റോഡ് മങ്കട, കുറ്റിപ്പുറം
ബ്ലോക്കുകളെയും മങ്കട, കോട്ടക്കൽ നിയോജക മണ്ഡലങ്ങളെയും ബന്ധിപ്പിക്കുന്നതാണ്. മലപ്പുറം നഗരസഭയും 6 പഞ്ചായത്തുകളും ഉൾപ്പെടെയുള്ള
വൻ ജനവിഭാഗത്തിന് കുടിവെള്ളം എത്തിക്കുന്ന മുതിക്കയം റഗുലേറ്റർ കംബ്രിജ്, മുതിക്കയം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി, മങ്കട ബ്ലോക്ക്
പഞ്ചായത്ത് മൂർക്കനാട് ശുദ്ധജല പദ്ധതിക്കായി നിർമിച്ച വാട്ടർ ടാങ്ക് എന്നിവയിലേക്കുള്ള പ്രധാന പ്രവേശന മാർഗമാണ് ഈ റോഡ്. പ്രധാന
വിനോദ സഞ്ചാര കേന്ദ്രമായ ഫ്ലോറ ഫന്റാസിയയും ഇവിടെയാണ്. ഏതെങ്കിലും സ്വകാര്യ കേന്ദ്രങ്ങൾ വല്ലപ്പോഴും കുഴിയടയ്ക്കുന്നതാണ്
ഇവിടെയുള്ള ആകെ ആശ്വാസം. ഇനിയും നവീകരണത്തിന്റെ കാര്യത്തിൽ അധിക്യതർ പുറം തിരിഞ്ഞാൽ സമര മാർഗം സ്വീകരിക്കാനാണ്
നാട്ടുകാരുടെ തീരുമാനം.

https://chat.whatsapp.com/LiZ86upgcv18go7NGvdWUQ?s=cl&p=a&ilr=1

Leave a Reply

Your email address will not be published. Required fields are marked *