പെരിന്തൽമണ്ണ: ഷൊർണൂർ-നിലമ്പൂർ റെയിൽവേ പാതയിൽ ചെറുകര റെയിൽവേ ഗേറ്റിൽ മേൽപാലം നിർമിക്കുന്നതിന്റെ ഭാഗമായി സ്ഥലം
ഉടമകളുടെ പൊതു വിചാരണ നടത്തി. നഷ്ടപരിഹാരം നിചപ്പെടുത്തി ക്രമീകരിക്കുന്നതിനു വേണ്ടി സ്ഥലത്തിന്റെ സ്വഭാവം
വ്യക്തമാക്കുന്നതിനായാണ് വിചാരണ. ഏലംകുളം വില്ലേജ് ഓഫിസിൽ വച്ചാണ് മലപ്പുറം എൽഎ(ജനറൽ) സ്പെഷ്യൽ തഹസിൽദാരുടെ
നേതൃത്വത്തിൽ ഹിയറിങ് നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഗസ്റ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. 20 പേരിൽ നിന്നാണ്
സ്ഥലം ഏറ്റെടുക്കാനുള്ളത്. ഇവരോടാണ് വില്ലേജ് ഓഫിസിലെത്താൻ നിർദേശിച്ചിരുന്നത്. ഏറ്റെടുക്കേണ്ട ഭൂമിയിൽ നിലവും നഞ്ചയും
പുരയിടവും സ്ഥിരപുഞ്ചയും ഉൾപ്പെടുന്നുണ്ട്. റെയിൽവേ ഇതുമായി ബന്ധപ്പെട്ട നടപടികൾ റെയിൽ ഡവലപ്മെന്റ് കോർപറേഷൻ ലിറ്റഡിന്
കൈമാറിയിട്ടുണ്ട്. സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുത്ത് കൈമാറുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയാൽ മേൽപാലം പദ്ധതിയുടെ തുടർ
പ്രവർത്തനങ്ങൾ നടക്കും.
ഏറെ വാഹനത്തിരക്കേറിയ പെരുമ്പിലാവ്-നിലമ്പൂർ സംസ്ഥാന പാതയുടെ ഭാഗമായ ചെറുകര റെയിൽവേ ഗേറ്റിൽ ട്രെയിൻ കടന്നു പോകുന്ന
സമയങ്ങളിലെ ഗേറ്റടവ് സമയത്ത് രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഇവിടെ മേൽപാലം വേണമെന്നത് ഏറെ നാളായുള്ള
ആവശ്യമാണ്.
