പെരിന്തൽമണ്ണ. ജില്ലാ ആശുപത്രിയിൽ ആകെയുണ്ടായിരുന്ന 2 സർജന്മാരിൽ ഒരാളെ സ്ഥലം മാറ്റി. പകരം ഡോക്ടറെ നിയമിക്കാൻ നടപടിയായില്ല.
ഇവിടെയുണ്ടായിരുന്ന ഡോക്ടറെ ജനറൽ സർജറി വിഭാഗത്തിൽ സീനിയർ കൺസൽട്ടന്റ് പ്രമോഷനോടു കൂടി കാസർക്കോട് ജില്ലയിലേക്കാണ്
മാറ്റി നിയമിച്ചിട്ടുള്ളത്. ജൂനിയർ കൺസൽട്ടന്റ് പ്രമോഷൻ നേടി വേണം ഇനി പെരിന്തൽമണ്ണയിലേക്ക് പുതിയ ഡോക്ടറെ നിയമിക്കാൻ.
കാസർകോട് ജില്ലയിലെ 4 സർജന്മാരുള്ള ഗവ.ആശുപത്രിയിലേക്കാണ് സ്ഥലം മാറ്റം. അടുത്ത മേയ് മാസത്തിൽ വിരമിക്കാനിരിക്കെയാണ് സ്ഥലം
മാറ്റം. ജില്ലാ ആശുപത്രിയിൽ ചില അപൂർവ സർജറികളിലൂടെ ശ്രദ്ധേയനായ ഡോക്ടറെയാണ് മാറ്റുന്നത്. ദിവസവും 1500 ഓളം രോഗികൾ
ചികിത്സ തേടുന്ന പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ കൂടുതൽ സർജന്മാർ വേണമെന്ന ആവശ്യം നിലനിൽക്കെയാണ് നിലവിലുള്ള ആളെ
മാറ്റുന്നത്. വർക്ക് അറേജ്മെന്റ് വ്യവസ്ഥയിൽ അദ്ദേഹത്തെ തന്നെ തിരിച്ചു നിയമിക്കുകയോ അടിയന്തരമായി പകരം ഡോക്ടറെ നിയമിക്കുകയോ
വേണമെന്നതാണ് ജനകീയ ആവശ്യം.
