പെരിന്തൽമണ്ണ: നാടിന്റെ ഹൃദയം കവർന്ന വി. എം . സെയ്തു മുഹമ്മദിന് കണ്ണീരോടെ വിട. കഴിഞ്ഞ 35 വർഷമായി മൗലാന ആശുപത്രിയുടെഅഡ്മിനിസ്ട്രേറ്ററായിരുന്നു. കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ (കെപിഎച്ച്എ) മുന്നണി പ്രവർത്തകനും മുൻ ഐആർസി അംഗവും ആണ്. കേരളാസ്റ്റേറ്റ് ഗവേണിങ് ബോഡി അംഗമായിരുന്നു. ഒരിക്കൽ അടുത്ത് ഇടപെട്ടവർ പിന്നീട് ഒരിക്കലും മറക്കില്ല ആ സ്നേഹം . സൗമ്യമായ ഇടപെടലുകൾ കൊണ്ടും മധുരമായനിലപാടുകൾ കൊണ്ടും ദീപ്തമായ ദർശനങ്ങൾ കൊണ്ടും അദ്ദേഹം സ്വകാര്യ ആശുപത്രി അഡ്മിനിസ്ട്രേറ്റർ എന്നതിലുപരി നാടിന്റെ ഹൃദയത്തിൽ ഇടം നേടി.1990 ൽ പ്രവർത്തനം ആരംഭിച്ച് മൗലാന ആശുപത്രിയിൽ 1991 ലാണ് അദ്ദേഹം അഡ്മിനിസ്ട്രേറ്ററായി ചുമതലയേൽക്കുന്നത്. ബാലാരിഷ്ടത കഴിയും മുൻപേആശുപത്രിയുടെ ഭരണ ചുമതല ഏറ്റെടുത്ത അദ്ദേഹത്തിന്റെ ഭരണ പാടവം തെളിയിക്കുന്നതാണ് ആശുപത്രിയുടെ ഇന്നത്തെ അഭൂതപൂർവമായ വികസനവും വളർച്ചയും.ആശുപത്രിക്ക് ജനകീയ മുഖം നൽകുന്നതിൽ മുഖ്യ പങ്കു വഹിച്ചു. ആശുപത്രിയുടെയും മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ അനുബന്ധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയുംവളർച്ചയിൽ നേതൃത്വപരമായ നിർണായക പങ്കുവഹിച്ചു. ആത്മാർഥതയും നേതൃപാടവവും ഏറെ ശ്രദ്ധേയമായിരുന്നു. വിനയവും സൗമ്യതയും സേവന മനോഭാവവുംകൊണ്ട് എല്ലാവരുടെയും സ്നേഹവും ആദരവും നേടി. ആരോഗ്യ പ്രശ്നങ്ങൾ മൂലം ഒരു മാസത്തോളമായി ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെ രാവിലെ 8 .30ഓടെയാണ് മരിച്ചത് . ആശുപത്രിയിൽ പൊതു ദർശനത്തിന് കൊണ്ടു വന്നപ്പോൾ സമൂഹത്തിലെ നാനാതുറയിൽ നിന്നുള്ളവർ ആദരാഞ്ജലികൾ അർപ്പിച്ചു. നജീബ്കാന്തപുരം എംഎൽഎ, മുൻമന്ത്രി നാലകത്ത് സൂപ്പി തുടങ്ങിയവർ ആശുപത്രിയിലെത്തി അന്ത്യോപചാരം അർപ്പിച്ചു.ഇന്നലെ ഉച്ചയോടെ മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടു പോയി. കബറടക്ക ചടങ്ങുകൾ ഇന്ന് രാവിലെ 9ന് തിരുവനന്തപുരം പേരൂർക്കട ജുമാ മസ്ജിദിൽനടന്നു. .അദ്ദേഹത്തിന്റെ നിര്യാണത്തിൽ കെപിഎച്ച്എ ജില്ലാ കമ്മിറ്റി അനുശോചിച്ചു. കെപിഎച്ച്എ കുടുംബത്തിനും കേരളത്തിലെ ആരോഗ്യ രംഗത്തിനും തീരാനഷ്ടമാണെന്ന്ജില്ലാ പ്രസിഡന്റ് ഡോ. പി. എ. കബീർ, ജില്ലാ സെക്രട്ടറി പി. എം. ഷാഹുൽ ഹമീദ് എന്നിവർ അറിയിച്ചു. മൗലാന ആശുപത്രി മാനേജെന്റും ജീവനക്കാരുംഅനുശോചിച്ചു.
