പെരിന്തൽമണ്ണ : 80.25%
മങ്കട : 80.3%
പെരിന്തൽമണ്ണ: മലപ്പുറം ജില്ലയിൽ വാശിയേറിയ പോരാട്ടം നടന്ന പെരിന്തൽമണ്ണ, മങ്കട മണ്ഡലങ്ങളിൽ ഇത്തവണ പോളിംഗ് ശതമാനത്തിൽ വൻ വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളെയും അപേക്ഷിച്ച് പോളിംഗ് എൺപത് ശതമാനത്തിന് മുകളിലേക്ക് ഉയർന്നത് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായ 38 വോട്ടുകൾക്ക് വിധി നിർണ്ണയിക്കപ്പെട്ട പെരിന്തൽമണ്ണയിൽ ഇത്തവണ സമ്മതിദായകർ വലിയ ആവേശത്തോടെയാണ് ബൂത്തുകളിലെത്തിയത്. 2016-ൽ 77.25 ശതമാനമായിരുന്നു ഇവിടുത്തെ പോളിംഗ്. 2021-ൽ ഇത് 74.66 ശതമാനമായി കുറഞ്ഞെങ്കിലും, ഇത്തവണ (2026) ചരിത്രപരമായ മുന്നേറ്റമാണ് നടത്തിയത്. 80.25 ശതമാനം വോട്ടുകൾ രേഖപ്പെടുത്തിയതോടെ കഴിഞ്ഞ തവണത്തേക്കാൾ ഏകദേശം 5.59 ശതമാനത്തിന്റെ വർധനവാണ് മണ്ഡലത്തിലുണ്ടായത്. വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പായതിനാൽ കൂടുതൽ പേർ വോട്ടുകൾ രേഖപ്പെടുത്തപ്പെട്ടതും കന്നി വോട്ടർമാരുടെ സജീവ പങ്കാളിത്തവുമാണ് ഈ വർധനവിന് പിന്നിലെന്നാണ് വിലയിരുത്തൽ.
പെരിന്തൽമണ്ണയുടെ തൊട്ടടുത്ത മണ്ഡലമായ മങ്കടയിലും സമാനമായ പോളിംഗ് തരംഗമാണ് ദൃശ്യമായത്. ജില്ലയിലെ തന്നെ ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയ മണ്ഡലങ്ങളിലൊന്നായി മങ്കടയും മാറി. 2016-ൽ 77.32 ശതമാനവും 2021-ൽ 75.17 ശതമാനവുമായിരുന്നു മങ്കടയിലെ പോളിംഗ് നില. എന്നാൽ ഇത്തവണ അത് 80.3 ശതമാനത്തിലേക്ക് ഉയർന്നു. കഴിഞ്ഞ തവണത്തേക്കാൾ 5.13 ശതമാനത്തിന്റെ വർധനവാണ് മങ്കടയിലുണ്ടായിരിക്കുന്നത്. രാവിലെ മുതൽ തന്നെ പോളിംഗ് സ്റ്റേഷനുകളിൽ അനുഭവപ്പെട്ട നീണ്ട ക്യൂ വൈകുന്നേരം വരെ നീണ്ടുനിന്നു.
ജില്ലാ ശരാശരി 79.81 ശതമാനമായിരിക്കെ, അതിനേക്കാൾ ഉയർന്ന പോളിംഗ് പെരിന്തൽമണ്ണയിലും മങ്കടയിലും രേഖപ്പെടുത്തിയത് വിജയ സാധ്യതകളെക്കുറിച്ച് പുതിയ ചർച്ചകൾക്ക് വഴി തുറന്നിട്ടുണ്ട്. വർധിച്ച വോട്ടുകൾ ആർക്ക് അനുകൂലമാകുമെന്ന കണക്കുകൂട്ടലിലാണ് എൽ.ഡി.എഫ്, യു.ഡി.എഫ് ക്യാമ്പുകൾ. ശക്തമായ മത്സരം നടന്ന മണ്ഡലങ്ങളിൽ വോട്ട് ശതമാനത്തിലുണ്ടായ ഈ വലിയ മാറ്റം അപ്രതീക്ഷിത ഫലങ്ങളിലേക്ക് നയിക്കുമോ എന്ന ആകാംക്ഷയിലാണ് വോട്ടർമാർ.
