പ്രാരാബ്ധങ്ങൾ മായ്ക്കാൻ പൊരുതി, ഒടുവിൽ വിധിക്ക് കീഴടങ്ങി; മീനാർകുഴിയുടെ നോവായി ഷാദിൽ

പ്രാരാബ്ധങ്ങൾ മായ്ക്കാൻ പൊരുതി, ഒടുവിൽ വിധിക്ക് കീഴടങ്ങി; മീനാർകുഴിയുടെ നോവായി ഷാദിൽ മക്കരപ്പറമ്പ് : ജീവിതത്തിന്റെ ഭാരങ്ങൾ ചെറുപ്പത്തിലേ ചുമലേറ്റെടുത്ത വിദ്യാർഥിയായിരുന്നു ഷാദിൽ (20). പ്ലസ് ടു പഠനത്തിന് ശേഷം തുടർപഠനത്തിന് സാഹചര്യമില്ലാതെ കുടുംബത്തിന്റെ ആശ്രയമായി ജോലി തേടി ഇറങ്ങിയതായിരുന്നു. ഒരു സ്വകാര്യ പാർസൽ സ്ഥാപനത്തിലെ ജീവനക്കാരനായി ദിവസവും കഷ്ടപ്പെട്ടു നേടിയ വരുമാനമാണ് ഈ ചെറുപ്പക്കാരൻ കുടുംബത്തിന് ആശ്വാസമായിരുന്നത്. എന്നാൽ വിധി വേറെയൊന്നാണ് കരുതിയിരുന്നത്. ജോലി സംബന്ധമായ യാത്രയ്ക്കിടെ നടന്ന അപകടം മീനാർകുഴിയുടെ പ്രതീക്ഷകളെ തന്നെ മുക്കിമറിച്ചു. നിയന്ത്രണം വിട്ട മിനി പിക്കപ്പ് വാൻ റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറിയപ്പോൾ, ഷാദിലിന്റെ ജീവിതയാത്ര അവിടെ അവസാനിച്ചു. നാട്ടുകാരുടെ വാക്കുകളിൽ, “കുടുംബത്തിനായി ജീവിച്ച കുട്ടി” ആയിരുന്നു ഷാദിൽ. സജീവ എംഎസ്എഫ് പ്രവർത്തകനായും നാട്ടിൽ എല്ലാവർക്കും പ്രിയങ്കരനുമായും അറിയപ്പെട്ടിരുന്നു. ചെറുപ്പത്തിലേ ജീവിതത്തിന്റെ കഠിനതകൾ ഏറ്റുവാങ്ങിയെങ്കിലും, ഒരിക്കലും പിന്മാറാതെ മുന്നോട്ട് പോകാനായിരുന്നു അവന്റെ ശ്രമം. കെട്ടിട നിർമ്മാണ പടവ് തൊഴിലാളിയായ ഉപ്പയുടെയും കുടുംബത്തിന്റേയുംതാങ്ങുംതണലു മായിരുന്നു. ആ താങ്ങ് നഷ്ടപ്പെട്ട വേദനയിൽ ഒരു ഗ്രാമം മുഴുവൻ കണ്ണീരിൽ മുങ്ങിയിരിക്കുകയാണ്. ജനാവലിയെ സാക്ഷിയാക്കി മീനാർകുഴി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഷാദിലിന് അന്തിമവിശ്രമം നൽകി. പ്രാരാബ്ധങ്ങളെ തോൽപ്പിക്കാൻ പൊരുതിയ ഈ ചെറുപ്പക്കാരന്റെ വിടവാങ്ങൽ, മീനാർകുഴിക്ക് ഒരിക്കലും മറക്കാനാവാത്തൊരു നോവായി തുടരുകയാണ്. P Phot:ഷാദിൽ

Leave a Reply

Your email address will not be published. Required fields are marked *