യുഡിഎഫ് ഇൻ ഫുൾ പവർ മോഡ്പെരിന്തൽമണ്ണ തൂക്കാൻ നജീബ് കാന്തപുരം

പെരിന്തൽമണ്ണ: ​ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം അവസാനിച്ച ഇന്നലെ വൈകിട്ട് പെരിന്തൽമണ്ണ നഗരത്തിൽ നടന്ന കൊട്ടിക്കലാശം യുഡിഎഫ് പ്രവർത്തകർ ഉത്സവമാക്കി.
മേലാറ്റൂർ വെട്ടത്തൂർ പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ റോഡ് ഷോ കഴിഞ്ഞ നഗരത്തിലെത്തിയ പെരിന്തൽമണ്ണ നിയമസഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി നജീബ് കാന്തപുരത്തിന് വൻ വരവേൽപ്പാണ് പ്രവർത്തകർ നൽകിയത്.
​പെരിന്തൽമണ്ണ മുസ്ലിം ലീഗ് ഓഫീസ് പരിസരത്ത് നടന്ന കൊട്ടിക്കലാശം പ്രവർത്തകരുടെ വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഉച്ചയ്ക്ക് ശേഷം മണ്ഡലത്തിന്റെ വിവിധ കോണുകളിൽ നിന്നും പ്രകടനങ്ങളുടെയും ബൈക്ക് റാലിയുടെ അകമ്പടിയോടെയും ആയിരക്കണക്കിന് പ്രവർത്തകരാണ് നഗരത്തിലേക്ക് ഒഴുകിയെത്തിയത്. തുറന്ന വാഹനത്തിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്തുകൊണ്ട് നജീബ് കാന്തപുരം എത്തിയതോടെ മുദ്രാവാക്യ വിളികളാൽ പരിസരം മുഖരിതമായി. മണ്ഡലത്തിൽ യുഡിഎഫ് നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളുടെ തുടർച്ചയ്ക്കായി ജനങ്ങൾ ഒപ്പമുണ്ടെന്ന പ്രഖ്യാപനമായി മാറിയ ഈ സമാപന സംഗമം, വരാനിരിക്കുന്ന പോളിംഗിൽ വലിയ വിജയപ്രതീക്ഷയാണ് മുന്നണിക്ക് നൽകുന്നത്. പ്രമുഖ യുഡിഎഫ് നേതാക്കളും പ്രവർത്തകരും പങ്കെടുത്ത പരിപാടി നഗരത്തെ അക്ഷരാർത്ഥത്തിൽ ജനസാഗരമാക്കി മാറ്റി.
വെട്ടത്തൂർ, മേലാറ്റൂർ പഞ്ചായത്തുകളിലും പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയിലും നടന്ന റോഡ് ഷോകളിൽ ആയിരക്കണക്കിന് പ്രവർത്തകരാണ് പങ്കെടുത്തത്. ഇന്നലെ രാവിലെ ഒൻപത് മണിക്ക് കാര്യവട്ടത്ത് നിന്ന് ആരംഭിച്ച പര്യടനം വേങ്ങൂർ, ചെമ്മണിയോട്, മേലാറ്റൂർ ടൗൺ, ഉച്ചാരക്കടവ്, വെട്ടത്തൂർ, കാപ്പ്, തേലക്കാട്, പച്ചിരിപ്പാറ, കിഴക്കേമുക്ക് എന്നിവിടങ്ങളിലെ ആവേശോജ്ജ്വലമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് മുന്നേറിയത്. ഉച്ചയ്ക്ക് 12 മണിയോടെ ആലിങ്ങലിലും തുടർന്ന് മാട്ടു റോഡിലും നടന്ന റോഡ് ഷോകളിൽ വലിയ ജനപങ്കാളിത്തമുണ്ടായിരുന്നു.
​ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മയൂരി ജംഗ്ഷനിൽ നിന്ന് പുനരാരംഭിച്ച പര്യടനം ആയിഷ ജംഗ്ഷൻ, ജൂബിലി റോഡ്, സുന്നി മഹൽ എന്നീ പ്രധാന കേന്ദ്രങ്ങൾ പിന്നിട്ടാണ് സമാപന സ്ഥലത്തേക്ക് എത്തിയത്. വൈകുന്നേരം നാല് മണിയോടെ കോഴിക്കോട് റോഡിലെ മുസ്ലിം ലീഗ് ഓഫീസ് പരിസരത്ത് നടന്ന കൊട്ടിക്കലാശത്തോടെ പരസ്യ പ്രചരണ പരിപാടികൾ അവസാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *