*
കൊളത്തൂർ: ദുർഗന്ധവും പാരിസ്ഥിതിക ആരോഗ്യ പ്രശ്നങ്ങളും മൂലം ജനജീവിതം ദുസ്സഹമാക്കിയ അറവു മാലിന്യ സംസ്കരണ കമ്പനിക്കെതിരെ നാട്ടുകാർ പ്രത്യക്ഷസമരത്തിലേക്ക്. ഒന്നാം ഘട്ടമെന്ന നിലയിൽ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ തെക്കേക്കരയിൽ പ്രതിഷേധ സംഗമം നടത്തി. തെക്കേക്കര, കല്ലിരട്ടി, അഞ്ചുകണ്ടം, മേൽമുറിഭാഗങ്ങളിലെ നാട്ടുകാരാണ് ദുരിതം അനുഭവിക്കുന്നത്. അറവുശാലകളിൽ നിന്നെത്തിക്കുന്ന മാലിന്യങ്ങൾ സംസ്കരിക്കുന്ന കമ്പനിയാണിത് . തുടക്കത്തിൽ ചെറിയതോതിലുണ്ടായിരുന്ന ദുർഗന്ധവും പ്രശ്നങ്ങളും ഏറെ രൂക്ഷമായ നിലയിലാണ്. അധികൃതർക്ക് ഇതു സംബന്ധിച്ച് ഒട്ടേറെ പരാതികൾ സമർപ്പിക്കപ്പെട്ടെങ്കിലും കാര്യമായനടപടി ഇതുവരെയും ഉണ്ടായില്ല. നിയമപരമായും സമര മാർഗത്തിലും ശക്തമായി മുന്നോട്ടു പോകാനാണ് പ്രതിഷേധ കൂട്ടായ്മയുടെ തീരുമാനം . കമ്പനിക്കെതിരെ മുൻപ്ആരോഗ്യ വകുപ്പ് അന്വേഷിച്ച് റിപ്പോർട്ട് നൽകിയതാണെന്ന് നാട്ടുകാർ പറയുന്നു. എന്നിട്ടും നടപടി ഉണ്ടായില്ല.പ്രതിഷേധ കൂട്ടായ്മ മണികണ്ഠൻ കൊളത്തൂർ ഉദ്ഘാടനം ചെയ്തു. വാർഡംഗംപി. അജീഷ് അധ്യക്ഷത വഹിച്ചു. കൺവീനർ ജയൻ പരത്തേക്കാട്ട്, വാർഡംഗം ശ്രീഷ്മ, മുൻ വാർഡംഗം സജ ജൂ കൊളത്തൂർ, അഭിലാഷ്, കല്ലിങ്ങൽ ഉണ്ണിക്കൃഷ്ണൻ,വിഷ്ണുദാസ്, എം. അഖിൽ തുടങ്ങിയവർ പ്രസംഗിച്ചു.
