പെരിന്തൽമണ്ണ: താലൂക്ക് വികസന സമിതിയിൽ വരാതെ മാറി നിൽക്കുന്ന ഉദ്യോഗസ്ഥ മേധാവികൾക്ക് ഇനി പണി കിട്ടും. താലൂക്കിലെ വികസന കാര്യങ്ങൾ ചർച്ച ചെയ്യുന്ന ഏറെ പ്രാധാന്യമുള്ള താലൂക്ക്സഭയിലെത്താത്ത ഉദ്യോഗസ്ഥരോട് രേഖാമൂലം വിശദീകരണം തേടുമെന്ന് പെരിന്തൽമണ്ണ തഹസിൽദാർ എം.കെ.കിഷോർ താലൂക്ക് വികസന സമിതി യോഗത്തിൽ അറിയിച്ചു. മുഴുവൻ ഉദ്യോഗസ്ഥ മേധാവികളും നിർബന്ധമായും യോഗത്തിനെത്തണം.യോഗത്തിനെത്തുന്ന ഉദ്യോഗസ്ഥർ കാര്യങ്ങൾ വിശദീകരിക്കാൻ സാധിക്കുന്നവരാകണമെന്നും വെറുതെ വന്നു പോയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അടുത്ത യോഗത്തിനു മുൻപായി ഉന്നയിച്ച വിഷയങ്ങളിൽ നടപടികളും ഉണ്ടാകണം. ജനപ്രതിനിധികൾ ഉന്നയിച്ചജനകീയ ആവശ്യങ്ങളിൽ കാര്യക്ഷമമായ തുടർ നടപടികൾ ഉണ്ടാകണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നജ്മ തബ്ഷീറയും പറഞ്ഞു. ഏറെ തിരക്കുകൾ മാറ്റി വച്ചാണ് ജനപ്രതിനിധികളും പൊതു പ്രവർത്തകരും എത്തുന്നതെന്നും അവർ പറഞ്ഞു. തിരഞ്ഞെടുപ്പ്പെരുമാറ്റ ചട്ടം കാരണം മാസങ്ങളായി മുടങ്ങിയ താലൂക്ക് വികസന സമിതിയാണ് ഇന്ന് ചേർന്നത്. വകുപ്പ് മേധാവികളുടെയും ഉദ്യോഗസ്ഥ പ്രതിനിധികളുടെയും കുറവിനെ തുടർന്നാണ്കൺവീനർ കൂടിയായ തഹസിൽദാരുടെ ഇടപെടൽ, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നജ്മ തബ്ഷീറ അധ്യക്ഷത വഹിച്ചു. വിവിധ പഞ്ചായത്തുകളുടെ പ്രസിഡന്റുമാർ,രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, പൊതുപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
