വേറിട്ട മാതൃക; പി.ടി.അരുൺകുമാർ സ്മാരക പുരസ്കാരത്തുക ആദിവാസിക്കുട്ടികളുടെ സംരക്ഷണ കേന്ദ്രത്തിന്



പെരിന്തൽമണ്ണ: പുരസ്കാരത്തുകയായി കിട്ടിയ പതിനായിരം രൂപ എന്തിനുവേണ്ടി ചിലവഴിക്കണം! പെരിന്തൽമണ്ണയിലെ സായി സ്നേഹതീരത്തിന്റെ രവിയേട്ടന് മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. താൻ തുടങ്ങിവെച്ച പട്ടികവർഗ്ഗത്തിൽപ്പെട്ട കുട്ടികളെ പുനരുദ്ധരിക്കുവാനുള്ള ശ്രമത്തിൽ കൂടെനിന്ന സായി സ്നേഹതീരം എന്ന കാരുണ്യസംഘത്തിനല്ലാതെ മറ്റാർക്കത് നൽകും! ഇക്കഴിഞ്ഞ ദിവസമാണ് പെരിന്തൽമണ്ണയിലെ കാരുണ്യപ്രവർത്തകനായ കെ.ആർ.രവിയ്ക്ക് സന്നദ്ധപ്രവർത്തനത്തെ മുൻനിർത്തി പി.ടി.അരുൺകുമാർ സ്മാരക സാംസ്കാരിക സമിതിയുടെ പുരസ്കാരം ലഭിക്കുന്നത്. ചിത്രകാരൻ സജി ചെറുകര രൂപകല്പന ചെയ്ത ഫലകവും പതിനായിരം രൂപയുമായിരുന്നു അവാർഡ്. അവാർഡ് ഏറ്റുവാങ്ങിയതിനെത്തുടർന്ന് കെ.ആർ.രവിയുടെ ആഗ്രഹപ്രകാരം പുരസ്കാരത്തുക പി.ടി.അരുൺകുമാർ സ്മാരകസമിതി പ്രസിഡണ്ട് സി.വാസുദേവൻ സായി സ്നേഹതീരത്തിലെ അന്തേവാസികളായ കുട്ടികൾ, സ്നേഹതീരം ട്രൈബൽ ഹോസ്റ്റൽ വൈസ് പ്രസിഡന്റ് കെ.എസ്.ഗോപാലകൃഷ്ണൻ, സ്നേഹതീരം പ്രവർത്തകരായ ഉണ്ണികൃഷ്ണൻ.എസ്, വിവേക്, മീനാക്ഷി ഗോപാലകൃഷ്ണൻ, രാജു.എം. എന്നിവർക്ക് കൈമാറി. സാമൂഹിക-സേവന പ്രവർത്തനങ്ങളുമായി മൂന്നരപതിറ്റാണ്ടുകാലമായി സജീവമായിനിൽക്കുന്ന കെ.ആർ.രവി ആരോഗ്യവകുപ്പിൽ ബോധവൽക്കരണപരിപാടികളിലൂടെ ശ്രദ്ധേയനായിരിക്കെയാണ് വിരമിക്കുന്നത്. പെരിന്തൽമണ്ണ താലൂക്ക് പരിധിയിൽ അധിവസിക്കുന്ന ആളൻമാർ എന്ന ആദിവാസി വിഭാഗത്തെ മുൻനിരയിലേയ്ക്ക് കൊണ്ടുവരാനും അവരെ കിർത്താഡ്സിന്റെ കീഴിൽ കാട്ടുനായ്ക്കർ വിഭാഗത്തിലുൾപ്പെടുത്തി ആനുകൂല്യങ്ങൾ നേടിയെടുക്കാനുമുള്ള നടപടികൾക്ക് കെ.ആർ.രവി നേതൃത്വം നൽകുകയുണ്ടായി. പെരിന്തൽമണ്ണയിലെ സായിസ്നേഹതീരം കാരുണ്യപ്രവർത്തനങ്ങളുമായി മുന്നോട്ടുവന്നപ്പോൾ പട്ടികവർഗ്ഗവിഭാഗത്തിൽപ്പെട്ട കുട്ടികളെ പുനരധിവസിപ്പിച്ച് അവർക്ക് വിദ്യാഭ്യാസവും തൊഴിലും നേടിയെടുക്കാനുള്ള നിതാന്തപ്രവർത്തനങ്ങളിൽ വ്യാപൃതനായിക്കൊണ്ടിരിക്കെയാണ് കെ.ആർ.രവിയുടെ ജീവിതസപര്യയ്ക്ക് പതിനൊന്നാമത് പി.ടി.അരുൺകുമാർ പുരസ്കാരം ലഭിക്കുന്നത്. ആ പുരസ്കാരത്തുകയാവട്ടെ താൻ ജീവിതമർപ്പിച്ച തന്റെ എല്ലാമായ സ്നേഹതീരത്തിനായി സമർപ്പിക്കുകയും! ഈ നിസ്വാർത്ഥസമർപ്പണത്തിന്റെ മുഹൂർത്തത്തിന് പി.ടി.അരുൺകുമാർ സ്മാരകസമിതിയ്ക്കു വേണ്ടി സജിത്ത് പെരിന്തൽമണ്ണ ആമുഖാവതരണം നടത്തി. ചടങ്ങിൽ പി.പി.വാസുദേവൻ, ഇ.രാജേഷ്, കെ.പി.രമണൻ, എൻ.പി.ഉണ്ണികൃഷ്ണൻ, വേണു പാലൂർ, മേലാറ്റൂർ രവിവർമ്മ, പി.വേണുഗോപാൽ, കെ.വീരാപ്പു എന്നിവർ സന്നിഹിതരായി. കെ.ആർ.രവി ചടങ്ങിന് നന്ദി പറഞ്ഞു.

https://chat.whatsapp.com/LiZ86upgcv18go7NGvdWUQ?s=cl&p=a&ilr=1

Leave a Reply

Your email address will not be published. Required fields are marked *