പെരിന്തൽമണ്ണ ഗവ. എൽ.പി. സ്കൂളിന്റെ 98-ാം വാർഷികം വിപുലമായി ആഘോഷിച്ചു. ശിശുരോഗ വിദഗ്ധനും, സിനിമ നടനുമായ ഡോ. വി. വേണുഗോപാലൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റായ രജീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ നഗരസഭ ചെയർമാൻ സി. ദിവാകരൻ, സ്കൂൾ സംരക്ഷണ സമിതി ചെയർമാൻ ലിയാഖത്ത് അലി ഖാൻ, മുൻ വാർഡ് കൗൺസിലർ ശ്രീധരൻ മാസ്റ്റർ, ചന്ദ്രശേഖരൻ മാസ്റ്റർ, എം.ടി.എ. പ്രസിഡന്റായ സുജയ ഇ.പി., എസ്.എം.സി. ചെയർപേഴ്സൺ സുനിത എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ചടങ്ങിൽ ഹെഡ്മാസ്റ്റർ പി. മണികണ്ഠൻ റിപ്പോർട്ട് അവതരിപ്പിച്ചു. മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ മികച്ച പ്രകടനം കാഴ്ചവെച്ച നാലാം ക്ലാസ് വിദ്യാർത്ഥിക്ക് കൃഷ്ണൻ സി.പി. നൽകുന്ന ക്യാഷ് പ്രൈസിന് നിനവ് അർഹനായി. കൂടാതെ ഓരോ ക്ലാസിലേയും മികച്ച പ്രതിഭകൾക്കായി ലിയാഖത്ത് അലിഖാൻ, ഷൺമുഖൻ Sir എന്നിവർ നൽകുന്ന എൻഡോവ്മെന്റുകളും വിതരണം ചെയ്തു.
മെഗാ ക്വിസ് വിജയികളേയും, ഉപജില്ല പാചക മത്സരത്തിൽ തുടർച്ചയായ രണ്ട് വർഷം ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ചന്ദ്രിക ചേച്ചി, നാല് വർഷം പി.ടി.എ പ്രസിഡൻ്റ് സ്ഥാനം അലങ്കരിച്ച രജീഷ് എ.ബി, ഡാൻസ് ടീച്ചർ വാസന്തി എന്നിവരേയും ചടങ്ങിൽ ആദരിച്ചു. സ്കൂൾ പത്രമായ മരുതം, നാലാം ക്ലാസ് വിദ്യാർത്ഥികൾ രചിച്ച സാകല്യം കഥാസമാഹാരം, രണ്ടാം ക്ലാസിലെ കുട്ടികളുടെ കുഞ്ഞുമനസ്സ് ഡയറിക്കുറിപ്പ് എന്നിവ വേദിയിൽ പ്രകാശനം ചെയ്തു.
പ്രോഗ്രാം കൺവീനർ ബിന്ദു പരിയാപുരത്ത് സ്വാഗതവും അധ്യാപകൻ മിൻഹാജ് നന്ദിയും രേഖപ്പെടുത്തി. തുടർന്ന് നാരങ്ങാക്കുണ്ട് അംഗൻവാടിയിലെ കുട്ടികൾ അവതരിപ്പിച്ച നൃത്തവും, സ്കൂൾ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും, മണ്ടോടി മ്യൂസിക് ബാൻ്റിന്റെ ഗാനസന്ധ്യയും വേദിയിൽ അരങ്ങേറി.
