അങ്ങാടിപ്പുറത്ത് ആഫ്രിക്കൻ ഒച്ചിന്റെ ശല്യം: നിയന്ത്രണത്തിന് അടിയന്തര നടപടികളുമായി പഞ്ചായത്ത്

അങ്ങാടിപ്പുറം: പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഫ്രിക്കൻ ഒച്ചിന്റെ ശല്യം രൂക്ഷമായതായി വാർഡ് അംഗങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചേർന്നു.

കൃഷിവിളകൾക്ക് വ്യാപകമായ നാശനഷ്ടം ഉണ്ടാക്കുന്നതോടൊപ്പം കിണറുകളിലേക്കും മറ്റ് ജലസ്രോതസ്സുകളിലേക്കും ഒച്ചുകൾ പ്രവേശിക്കുന്നത് കുടിവെള്ളത്തിന്റെ സുരക്ഷയെ ബാധിക്കാനുള്ള സാധ്യതയുണ്ടെന്ന് യോഗം വിലയിരുത്തി.

ഒച്ചുകൾ കൂടുതലായി കാണപ്പെടുന്ന പ്രദേശങ്ങളിലെ പുല്ലുകളും കുറ്റിച്ചെടികളും അടിയന്തരമായി വെട്ടിത്തെളിയിക്കാനും, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിജയകരമായി നടപ്പാക്കിയ നിയന്ത്രണ മാർഗങ്ങൾ പഠിച്ച് പഞ്ചായത്തിൽ പ്രായോഗികമായി നടപ്പാക്കാനും യോഗം തീരുമാനിച്ചു.

നിലവിൽ വാർഡ് 7 പൂപ്പലം, വാർഡ് 15 കായക്കുണ്ട്, വാർഡ് 17 പരിയാപുരം എന്നീ പ്രദേശങ്ങളിലാണ് ആഫ്രിക്കൻ ഒച്ചിന്റെ ശല്യം കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇത്തരം പ്രദേശങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട വാർഡ് അംഗങ്ങളെയോ പഞ്ചായത്ത് ഓഫീസിനെയോ വിവരം അറിയിച്ച് പൊതുജനങ്ങൾ സഹകരിക്കണമെന്ന് പഞ്ചായത്ത് അധികൃതർ അഭ്യർത്ഥിച്ചു.

യോഗത്തിൽ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സലാം ആറങ്ങോടൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹാജറ ഹുസൈൻ, വാർഡ് അംഗങ്ങളായ മിസ്‌രിയ വി. ടി., ഹസീന ചേലാക്കോടൻ, വെറ്ററിനറി സർജൻ ഡോ. ശ്രീജിത്ത്, കൃഷി ഓഫീസർ ഡാസൽ സേവ്യർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ (JHI) ജലീൽ, ഹെൽത്ത് ഇൻസ്‌പെക്ടർ ജിജി എന്നിവർ പങ്കെടുത്തു.

ജനങ്ങളുടെ ആരോഗ്യവും കൃഷിയും സംരക്ഷിക്കുന്നതിനായി ആവശ്യമായ തുടർനടപടികൾ അടിയന്തരമായി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷബീർ കറുമുക്കിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *